Hero Image

ശബരിമല ദർശനം; മൂന്ന് മാസം മുമ്പ് മുതൽ വെർച്വൽ ക്യൂ ബുക്കിംഗിന് സൗകര്യം ഒരുക്കാൻ ദേവസ്വം ബോർഡ്

ശബരിമല ദർശനം നടത്തുന്നതിന് മൂന്ന് മാസം മുൻപ് മുതൽ വെർച്വൽ ക്യൂ ബുക്കിംഗ് നടത്താനാകുന്ന വിധം ക്രമീകരണം ഏർപ്പെടുത്തുന്നതിന് ദേവസ്വം ബോർഡ് യോഗത്തിന്റെ തീരുമാനം. ശബരിമലയിൽ പ്രവേശനത്തിന് നിലവിൽ 10 ദിവസം മുൻപ് മാത്രമാണ് വെർച്വൽ ക്യൂ ബുക്കിംഗ് നടത്തുന്നതിന് സൗകര്യം ഉള്ളത്.

കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് യോഗം ചേർന്നപ്പോൾ ശബരിമലയിൽ പ്രവേശനം പൂർണമായും വെർച്വൽ ക്യൂ വഴി ആക്കാൻ തീരുമാനിച്ചു.

വെർച്വൽ ക്യൂ ബുക്കിംഗ് വഴി 80,000 പേർക്കാണ് ദിവസവും പ്രവേശനം അനുവദിക്കുക. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പ്രസാദ വിതരണത്തിനുള്ള കണ്ടെയ്നറുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ ഫാക്ടറി നിലയ്ക്കലിൽ നാലു കോടി രൂപ ചെലവഴിച്ച് സ്ഥാപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

ചിങ്ങ മാസത്തിൽ നാണയം എണ്ണുന്നതിന് ആവശ്യമായ ഒരു യന്ത്രം സ്ഥാപിക്കുന്നതിനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ രണ്ട് യന്ത്രങ്ങൾ കൂടി സ്ഥാപിക്കാനും പദ്ധതിയുണ്ട്. വിശദമായ പഠനം നടത്തിയതിനുശേഷം ശബരിമലയിൽ സുഗമമായ ദർശനം ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗരേഖയും തയ്യാറാക്കും.

ദേവസ്വം ബോർഡ് വിജിലൻസ് എസ് പിയെയാണ് മാർഗ്ഗരേഖ തയ്യാറാക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.

READ ON APP